DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 31st day of January, 2023
Filed on: 05/11/2020
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 356/2020
Between
COMPLAINANTS
1. V.J. Hysinth, Secretary, Mattanchery Consumer Protection Samithi, Reg. No. ER/86/95, CC24/1198, Moolamkuzhi, Kochi 682002
2. Priya Jacob, D/o. P.J. Jacob, CC25/1542, Nasrath, Kochi 682002
VS
OPPOSITE PARTIES
1. M.R. Vinson, Vinson Machine Repairing Shop, Near St. Sebastian Church, Thoppumpadi, Kochi 682005.
2. Sheela Vinson, W/o. Vinson, Vinson Machine Repairing Shop, Near St. Sebastian Church, Thoppumpadi, Kochi 682005.
അന്തിമ ഉത്തരവ്
ഡി.ബി. ബിനു, പ്രസിഡൻറ്
1. പരാതിക്കാസ്പദമായ സംഗതികൾ
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 35- വകുപ്പു പ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിയിലെ ഒന്നാം പരാതിക്കാരൻ ഒരു രജിസ്ട്രേഡ് എൻ.ജി.ഒ. ഭാരവാഹിയാണ് രണ്ടാം പരാതിക്കാരിയുടെ കേസ് നടത്തുന്നതിന് ഒന്നാം പരാതിക്കാരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാം പരാതിക്കാരി പുതുതായി വാങ്ങി ഉപയോഗിച്ചുകൊണ്ടിരുന്ന LIMA കമ്പനി നിർമ്മിതമായ തയ്യൽ മെഷീൻ കുറച്ചു നാൾ പ്രവർത്തിക്കാതിരുന്നതു കാരണം കേടുവന്നു, ആയത് നന്നാക്കാനായി എതിർകക്ഷികളുടെ റിപ്പയറിംഗ് ഷോപ്പിൽ 11/11/2019 ൽ ടി മെഷീൻ സർവ്വീസ് ചെയ്യുവാനായി നല്കി. അന്നേ ദിവസം തന്നെ സർവ്വീസ് ചാർജ്ജിനത്തിൽ മുൻകൂറായി 600/- രൂപ എതിർകക്ഷികൾ കൈപ്പറ്റുകയും ചെയ്തു. ടി മെഷീൻ പല സ്ഥലങ്ങളിലും പരിശോധിച്ചെങ്കിലും പ്രത്യേക നമ്പർ ഒന്നും കാണാത്തതിനാൽ എതിർകക്ഷികളുടെ മുമ്പിൽ വെച്ചു തന്നെ രണ്ടാം പരാതിക്കാരി മെഷീൻറെയും കടയുടെയും ഫോട്ടോകൾ മൊബൈലിൽ എതിർകക്ഷികളുടെ അനുമതിയോടെ പകർത്തി. ഒന്നാം എതിർകക്ഷി പറഞ്ഞതനുസരിച്ച് 21/11/2019 ൽ തയ്യൽ മെഷീൻ കൈപ്പറ്റുവാൻ ചെന്നപ്പോൾ ബോബിൻകേസ് മാറണം അതിൻറെ വില 39/- രൂപ കൂടി നല്കണമെന്ന് പറയുകയും ടി തുക നല്കുകയും ചെയ്ത് തയ്യൽ മെഷീൻ തിരികെ വാങ്ങി പരിശോധിച്ചപ്പോൾ രണ്ടാം പരാതിക്കാരി സർവ്വീസിനായി നല്കിയ പുതിയ LIMA മെഷീനു പകരം ഒരു പഴയ മെഷീനാണ് എതിർകക്ഷികൾ നല്കിയത്. ആ സമയം തന്നെ ആ മെഷീൻ തൻറേതല്ലെന്ന് രണ്ടാം പരാതിക്കാരി പറഞ്ഞെങ്കിലും എതിർകക്ഷികൾ സമ്മതിക്കാതെ രണ്ടാം പരാതിക്കാരിയോടും അച്ഛനോടും അസഭ്യവർഷം നടത്തുകയാണുണ്ടായത്.
തുടർന്ന് തോപ്പുംപടി പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷികളെ വിളിച്ചു വരുത്തുകയും ടി സമയത്ത് എതിർകക്ഷി തനിക്ക് അബദ്ധം പറ്റിയതാണെന്നും 27/11/2019 ൽ പുതിയ തയ്യൽ മെഷീൻ പരാതിക്കാരിക്ക് നല്കാമെന്നും പോലീസ് സ്റ്റേഷനിൽ വെച്ച് എഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തെങ്കിലും ഒന്നാം എതിർകക്ഷി വാക്കു പാലിക്കാതിരിക്കുകയും ചെയ്തതിനാൻ 23/12/2019 ൽ വീണ്ടും തോപ്പുംപടി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ സംഘടനയുടെ പിൻബലത്തിൽ ഒന്നാം എതിർകക്ഷി പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ട് പോകുകയും പുതിയ മെഷീൻ തരാൻ ഒരുക്കമല്ലെന്നും തീർത്ത് പറയുകയും ചെയ്തു. തുടർന്ന് ടി കേസ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലൂടെ പരിഹാരം കാണേണ്ടതാണ് എന്ന നിർദ്ദേശത്തോടെ ക്ലോസ് ചെയ്തതായി അറിയിച്ചു.
രണ്ടാം പരാതിക്കാരി സർവ്വീസിനായി നല്കിയ മെഷീനു പകരമായി പഴക്കമുള്ള മെഷീൻ തന്നതിലൂടെ എതിർകക്ഷികൾ പരാതിക്കാരിയെ മനപൂർവ്വം കബളിപ്പിച്ച് ധനസമ്പാദനത്തിനായി അതിമോഹത്തിൽ ചെയ്തിട്ടുള്ളതും പകരം പഴയ മെഷീൻ നല്കിയത് ഗുരുതരമായ ഉപഭോക്തൃ നിയമ ലംഘനവുമായതിനാൽ പുതിയ LIMA തയ്യൽ മെഷീൻ വാങ്ങിതരാൻ ഉത്തരവാകണമെന്നും പരാതിക്കാരിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും ധനനഷ്ടത്തിനും നഷ്ടപരിഹാരമായും കോടതി ചെലവും അടക്കം 25,000/- രൂപയും ഉത്തരവാകണെന്നുമാണ് പരാതിയിലെ ആവശ്യം.
2. നോട്ടീസ്
24/11/2021 ൽ കമ്മീഷനിൽ നിന്നും എതിർകക്ഷികൾക്ക് അയച്ച നോട്ടീസ് എതിർകക്ഷികൾ കൈപ്പറ്റിയെങ്കിലും കമ്മീഷൻ മുമ്പാകെ ഹാജരാകുകയോ ആക്ഷേപം സമർപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ എതിർകക്ഷികളെ ex-parte ആയി കമ്മീഷൻ പ്രഖ്യാപിച്ചു.
3. തെളിവ്
പരാതിക്കാരൻ തെളിവു സത്യവാങ്മൂലവും അഞ്ച് രേഖകളും കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും Exbt. A1 മുതൽ A5 വരെ ആയി രേഖകൾ അടയാളപ്പെടുത്തുകയും ചെയ്തു. Exbt. A1 മുതൽ A5 വരെ എന്നിവയുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാകുന്നു.
Exbt. A1: പരാതിക്കാരന് എതിർകക്ഷി നല്കിയ രസീത്
Exbt. A2: പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തതിൻറെ പകർപ്പ്
Exbt. A3: പോലീസ് സ്റ്റേഷനിൽ പരാതി തീർപ്പാക്കിയതിൻറെ പകർപ്പ്
Exbt. A4: പോലീസിൽ പരാതി കൊടുത്തതിൻറെ പകർപ്പ്
Exbt. A5: പരാതിക്കാരന് എതിർകക്ഷി നല്കിയ രസീത്
തെളിവ് വിശകലനം
പരാതിക്കാർ ഹാജരാക്കിയ രേഖകൾ പരിശോധിച്ച തിൻറെയും പരാതിക്കാരെ നേരിൽ കേട്ടതിൻറെയും അടി സ്ഥാനത്തിൽ കേസിൻറെ അന്തിമ തീർപ്പിനായി താഴെ പറയുന്ന പ്രസക്തമായി വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
(i) പരാതിക്കാരൻ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവാണോ?
(ii) പരാതിക്കാരന് എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള സേവനത്തിലെ അപര്യാപ്തതയോ അനുചിതമായ വ്യാപാര രീതിയോ ഉണ്ടായിട്ടുണ്ടോ?
(iii) ഉണ്ടെങ്കിൽ ആയതിന് എന്ത് നഷ്ട പരിഹാരം നല്കേണ്ടതായുണ്ട്?
(iv) കോടതി ചെലവ് നല്കേണ്ടതുണ്ടോ, എങ്കിൽ ആയതിന് എത്ര തുക നല്കണം?
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2 (7) വകുപ്പ് പ്രകാരമുള്ള “ഉപഭോക്താവ്” എന്ന നിർവ്വചനത്തിൻറെ പരിധിയിൽ പരാതിക്കാരി വരുമോ എന്നതാണ് കമ്മീഷൻ ആദ്യമായി പരിശോധിച്ചത്. പരാതിക്കാരി എതിർകക്ഷി സ്ഥാപനത്തിൽ നിന്ന് സേവനം ലഭിക്കുന്നതിനായി പണം നല്കി എന്ന് വ്യക്തമാക്കുന്ന രസീതുകൾ (Exbt. A1, A5) ആയി ഹാജരാക്കിയിട്ടുണ്ട്. മാത്രമല്ല ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2(5) (ii) വകുപ്പിലെ “പരാതിക്കാരൻ” എന്നതിൻറെ നിർവ്വചനത്തിൻറെ പരിധിയിൽ ഒന്നാം പരാതിക്കാരൻ ഉൾപ്പെടുന്നുണ്ട്. ഒന്നാം പരാതിക്കാരൻ സംഘടനയുടെ ഭാരവാഹിയുമാണ്. അയതിനാൽ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരമുള്ള “ഉപഭോക്താവ്” എന്ന നിർവ്വചനത്തിൻറെ പരിധിയിൽ പരാതിക്കാർ ഉൾപ്പെടുമെന്ന് കമ്മീഷൻ തീരുമാനിച്ച സാഹചര്യത്തിൽ ചോദ്യം (i) പരാതിക്കാർക്ക് അനുകൂലമാണെന്ന നിഗമനത്തിൽ കമ്മീഷൻ എത്തി ചേർന്നു.
രണ്ടാം പരാതിക്കാരി ഉപയോഗിച്ചുകൊണ്ടിരുന്ന LIMA കമ്പനിയുടെ തയ്യൽ മെഷീൻ റിപ്പയർ ചെയ്യുന്നതിനായി എതിർകക്ഷികൾക്ക് നല്കുകയും റിപ്പയർ ചെയ്യുന്നതിനുള്ള പണം വാങ്ങിയ ശേഷം LIMA കമ്പനിയുടെ തയ്യൽ മെഷീൻ പരാതിക്കാരിക്ക് നല്കാതെ പഴയ ഒരു തയ്യൽ മെഷീൻ എതിർകക്ഷി നല്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് സേവനത്തിലെ അപര്യാപ്തതയായി കണ്ട് എതിർകക്ഷികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. കേസിൻറെ തെളിവി ലേക്കായി അഞ്ചു രേഖകളും തെളിവു സത്യവാങ്മൂലവും പരാതിക്കാരി കമ്മീഷനു മുമ്പാകെ ഹാജരാക്കി. തയ്യൽ മെഷീൻ റിപ്പയർ ചെയ്യാനായി പരാതിക്കാരി എതിർകക്ഷികൾക്ക് പണം നല്കുകയും ആയതിനുള്ള രസീതുകൾ (Exbt. A1, A5) കമ്മീഷൻ മുമ്പാകെ ഹാജരാക്കുകയും ചെയ്തു. റിപ്പയറിംഗിന് അധികമായി 39/- രൂപ കൂടി പരാതിക്കാരിയിൽ നിന്നും വാങ്ങിയതിനുള്ള രസീത് (Exbt. A5) കമ്മീഷൻ മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാർ പോലീസ് സ്റ്റേഷനിൽ പരാതി നല്കുകയും (Exbt. A4) അതിൻറെ അടിസ്ഥാനത്തിൽ പുതിയ തയ്യൽ മെഷീൻ കൊടുത്തുകൊള്ളാമെന്ന് ഉറപ്പു നല്കി എതിർകക്ഷി ഒപ്പു വെച്ച പരാതി രജിസ്റ്ററിൻറെ പകർപ്പും (Exbt. A2) കമ്മീഷൻ മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.
പരാതിക്കാർ ഹാജരാക്കിയ 5 രേഖകളും തെളിവു സത്യവാങ്മൂലവും കമ്മീഷൻ വിശദമായി പരിശോധിച്ചതിൽ നിന്നും പരാതിക്കാരി സേവനം ലഭിക്കുന്നതിനായി എതിർകക്ഷികളെ സമീപിച്ചെന്നും സേവനത്തിലെ അപര്യാപ്തതകൊണ്ടുള്ള പരാതി പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ സമീപിച്ചതിനുശേഷമാണ് കമ്മീഷൻ മുമ്പാകെ പരാതി നല്കിയതെന്നും കമ്മീഷന് ബോധ്യപ്പെട്ടു.
13/10/2021 ൽ കമ്മീഷൻ എതിർകക്ഷികൾക്ക് അയച്ച നോട്ടീസ് എതിർകക്ഷി കൈപ്പറ്റിയെങ്കിലും കമ്മീഷനു മുമ്പാകെ ഹാജരാകാനോ ആക്ഷേപം സമർപ്പിക്കാനോ ഇവർ തയ്യാറാകാത്ത സാഹചര്യത്തിൽ എതിർകക്ഷിയെ എക്സ്-പാർട്ടിയായി കമ്മീഷൻ പ്രഖ്യാപിച്ചു. അതിനുശേഷവും കമ്മീഷൻ മുമ്പാകെ ഹാജരാകാനോ എക്സ്-പാർട്ടി ഉത്തരവ് റദ്ദാക്കുവാനോ യാതൊരു ശ്രമവും എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. കമ്മീഷൻറെ നോട്ടീസ് ലഭിച്ചിട്ടും രേഖാമൂലമുള്ള ആക്ഷേപം സമർപ്പിക്കുന്നതിന് എതിർകക്ഷിയുടെ ഭാഗത്ത് ബോധപൂർവ്വമായ വീഴ്ചയുണ്ടായി. ആയത് പരാതിക്കാരൻ എതിർകക്ഷിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാണ്. 2017 (4) സി.പി.ആർ പേജ് 590 (എൻ.സി.) ഉത്തരവിൽ ബഹു. ദേശീയ കമ്മീഷൻ സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
പരാതിക്കാർ എതിർകക്ഷികൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ എതിർക്കപ്പെടാതെ നില്ക്കുന്ന സാഹചര്യത്തിൽ പരാതിക്കാർ ഹാജരാക്കിയ രേഖകളും തെളിവു സത്യവാങ്മൂലവും കമ്മീഷൻ വിശദമായി പരിശോധിച്ചു. എതിർകക്ഷികളുടെ ഈ പ്രവർത്തികൾ സേവനത്തിലെ അപര്യാപ്തതയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് പ്രകടമായി തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞ സാഹചര്യത്തിൽ (ii), (iii), (iv) ചോദ്യങ്ങൾക്കുള്ള ഉത്തരം പരാതിക്കാരന് അനുകൂലമായി കമ്മീഷൻ തീർപ്പാക്കുന്നു.
ഉത്തരവ്
1. എതിർകക്ഷികൾക്ക് റിപ്പയർ ചെയ്യാൻ തന്ന LIMA തയ്യൽ മെഷീൻ റിപ്പയർ ചെയ്ത് പരാതിക്കാരിക്ക് നല്കുകയോ അങ്ങനെ ചെയ്യാൻ സാധിക്കാത്തപക്ഷം LIMA കമ്പനിയുടെ പുതിയ തയ്യൽ മെഷീൻ വാങ്ങി നല്കുകയോ, അഥവാ തതുല്യമായ തുക പരാതിക്കാരിക്ക് നല്കുകയോ വേണം
2. എതിർകക്ഷികളുടെ ഭാഗത്തുള്ള അനുചിതമായ വ്യാപാര രീതിയും സേവനത്തിലെ അപര്യാപ്തതയും മൂലം പരാതിക്കാർക്കുണ്ടായ മാനസിക ക്ലേശങ്ങൾക്ക് നഷ്ട പരിഹാരമായി 5,000/- രൂപ (അയ്യായിരം രൂപ മാത്രം) പരാതിക്കാരിക്ക് നല്കണം.
3. 3.എതിർകക്ഷികൾ പരാതിക്കാരിക്ക് 3,000/- രൂപ കോടതി ചെലവിനത്തിൽ നല്കണം.
4. ഈ ഉത്തരവിൻറെ ഒരു പകർപ്പ് എതിർകക്ഷികൾക്ക് ലഭിയ്ക്കുന്ന അന്നു മുതൽ 30 ദിവസത്തിനകം ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്. അല്ലാത്തപക്ഷം മേൽ സൂചിപ്പിച്ച (1) ഉം (2) ക്രമനമ്പറുകളിലെ തുകക്ക് ഉത്തരവ് തിയതി മുതൽ ഉത്തരവ് നടപ്പിലാക്കുന്ന തിയതി വരെ 7 ശതമാനം പലിശയും നല്കേണ്ടതാണ്. ഈ ഉത്തരവ് എതിർകക്ഷികൾക്ക് ഒറ്റയ്ക്കും കൂട്ടായും ബാധകമായിരിക്കുന്നതുമാണ്. പലിശയും ന
Pronounced in the open Commission on this the 31st day of January, 2023./-
Sd/-
D.B.Binu, President
Sd/-
V.Ramachandran, Member
Sd/-
Sreevidhia.T.N, Member
Forwarded/by Order
Assistant Registrar.
APPENDIX
COMPLAINANT’S EVIDENCE
Exbt. A1: പരാതിക്കാരന് എതിർകക്ഷി നല്കിയ രസീത്
Exbt. A2: പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തതിൻറെ പകർപ്പ്
Exbt. A3: പോലീസ് സ്റ്റേഷനിൽ പരാതി തീർപ്പാക്കിയതിൻറെ പകർപ്പ്
Exbt. A4: പോലീസിൽ പരാതി കൊടുത്തതിൻറെ പകർപ്പ്
Exbt. A5: പരാതിക്കാരന് എതിർകക്ഷി നല്കിയ രസീത്
OPPOSITE PARTIES’ EVIDENCE
ഇല്ല
Despatch date:
By hand: By post
kp/
CC No. 356/2020
Order Date:31/01/2023