DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 4th day of May, 2023
Filed on: 20/01/2021
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 44/2021
Between
COMPLAINANT
Riasudheen, S/o. Ali, Njakkara House, Thrikkakkara, HMT Colony P.O., Pin 683503
VS
OPPOSITE PARTY
1. Proprietor, Home Devices Pvt. Ltd., 21/590 A, Adivaram, N.A.D. P.O., Edathala
2. Proprietor, Techserv Technical Services, Muttom, Kalamassery.
അന്തിമ ഉത്തരവ്
ഡി.ബി. ബിനു, പ്രസിഡൻറ്
1. പരാതിക്കാസ്പദമായ സംഗതികൾ
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 35- വകുപ്പു പ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരൻ ഒന്നാം എതിർകക്ഷിയുടെ സ്ഥാപനത്തിൽ എത്തി ഗാർഹിക ആവശ്യത്തിലേക്കായി സാംസങ് ഫിഡ്ജ് ഡാമേജ്ഡ് കിഴിവോടെ എതിർകക്ഷി ആവശ്യപ്പെട്ട വിലയായ 18,800/- രൂപ നല്കി വാങ്ങിയിട്ടുള്ളതാണ്. പരാതിക്കാരൻ ടി ഫ്രിഡ്ജ് ഉത്തരവാദിത്വത്തോടു കൂടി ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചു പോന്നിട്ടുള്ളതാകുന്നു. അങ്ങനെ ഉപയോഗിച്ചു വരവെ ടി ഫ്രിഡ്ജിൻറെ കൂളിംഗ് സിസ്റ്റം തകരാറായതിനെ തുടർന്ന് ഒന്നാം എതിർകക്ഷി സ്ഥാപനത്തിലെത്തി ഒന്നാം എതിർകക്ഷിയെ അറിയിച്ചിട്ടുള്ളതും അദ്ദേഹത്തിൻറെ നിർദ്ദേശാനുസരണം രണ്ടാം എതിർകക്ഷിയുടെ സ്ഥാപനത്തിലെത്തി പരാതിക്കാരൻ വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് 29/06/2020 ന് രണ്ടാം എതിർകക്ഷിയുടെ സ്ഥാപനത്തിലുള്ള രണ്ട് ജീവനക്കാർ പരാതിക്കാരൻറെ വീട്ടിലെത്തി ഫ്രഡ്ജിൻറെ പോരായ്മകൾ തീർത്തതായി പറഞ്ഞു 4,800/- രൂപ സർവ്വീസ് ചാർജ്ജ് വാങ്ങി പോയിട്ടുള്ളതുമാണ്. എന്നാൽ, വീണ്ടും മൂന്നു തവണ ടി തകരാർ ഉണ്ടായിട്ടുള്ളതും രണ്ടാം എതിർകക്ഷിയുടെ ജീവനക്കാർ പരാതിക്കാരൻറെ വീട്ടിലെത്തി ടി ഫ്രിഡ്ജ് വീണ്ടും നന്നാക്കിയിട്ടുള്ളതുമാണ്. ഫ്രഡ്ജിൻറെ പ്രവർത്തനം കാര്യക്ഷമമല്ലാതെ വന്നതിനെ തുടർന്ന് 28/09/2020 ൽ രണ്ടാം എതിർകക്ഷിയിടെ ഒരു ജീവനക്കാരൻ ടി സ്ഥാപനത്തിൽ നിന്നും ഏർപ്പാടാക്കിയ വാഹനത്തിൽ പരാതിക്കാരൻറെ വീട്ടിലെത്തി ടി ജീവനക്കാരനും ടി വാഹനത്തിൻറെ ഡ്രൈവറും ചേർന്ന് ഫ്രിഡ്ജ് ടിയാന്മാരുടെ വണ്ടിയിലേക്ക് കയറ്റുവാൻ ശ്രമിക്കവേ വണ്ടിയുടെ മുകളിൽ നിന്നും ടി ഫ്രിഡ്ജ് താഴേക്ക് വീണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതുമാണ്. ഇതേ തുടർന്ന് പരാതിക്കാരൻ ഫ്രഡ്ജ് കമ്പനി തിരിച്ചെടുത്ത് നഷ്ടപരിഹാരം നല്കണമെന്ന് രണ്ടാം എതിർകക്ഷിയോട് ആവശ്യപ്പെടുകയും രണ്ടാം എതിർകക്ഷി ആദ്യം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ ശ്രമിക്കുകയും തുടർന്ന് നഷ്ടപരിഹാരമായി ആദ്യം 7,500/- രൂപ തരാമെന്നും എന്നാൽ ആയത് ശരിയായ നഷ്ടപരിഹാരമല്ലെന്നും പരാതിക്കാരൻറെ നിലപാട് മനസ്സിലാക്കി 12,300/- രൂപ പരാതിക്കാരന് തരാമെന്ന് സമ്മതിക്കുകയും സംഖ്യ തരുന്നതിന് സമ്മതിച്ച ദിവസം പരാതിക്കാരൻ ടി രണ്ടാം എതിർകക്ഷി സ്ഥാപനത്തിൽ എത്തിയ സമയം ഹർജിക്കാരന് 10,000/-രൂപയ്ക്ക് ചെക്ക് തരാമെന്ന് വീണ്ടും വാക്ക് മാറ്റി പറഞ്ഞിട്ടുള്ളതും ആയത് സമ്മതിക്കുവാൻ കഴിയാതെ പരാതിക്കാരൻ മടങ്ങിയിട്ടുള്ളതുമാണ്. രണ്ടാം എതിർകക്ഷിയുടെ നിരുത്തരവാദിത്വത്തോടു കൂടിയുള്ള മുൻവിവരിച്ച പ്രവർത്തിയെ തുടർന്ന് പരാതിക്കാരൻ പോലീസിൽ പരാതിപ്പെടുകയും രണ്ടാം എതിർകക്ഷിയുടെ ഓഫീസ് ജിവനക്കാരനെ പരാതിക്കാരൻ ചീത്ത വിളിച്ചു എന്ന് കളവായി ആരോപിച്ച് മുട്ടം പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുള്ളതും പോലിസ് പരാതിയിൽ നടപടി എടുക്കാതെ അവസാനിപ്പിച്ചിട്ടുള്ളതുമാണ്.
പരാതിക്കാരന് നല്കിയ ഫ്രഡ്ജ് ശരിയായ ഗുണമേന്മയില്ലാതിരുന്ന തിനാലും രണ്ടാം എതിർകക്ഷിയുടെ ജീവനക്കാർ ഫ്രഡ്ജ് നന്നാക്കിയതായി പറഞ്ഞ് സർവ്വീസ് ചാർജ്ജ് വാങ്ങിയ സമയം ശരിയായി നന്നാക്കുന്നതിൽ വീഴ്ച വരുത്തിയതിനാലും ഒടുവിൽ സർവ്വീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് ഫ്രിഡ്ജ് വണ്ടിയിലേക്ക് കയറ്റുന്നതിന് ശ്രമിച്ച സമയം ടിയാന്മാർ വരുത്തിയ അശ്രദ്ധയാലും പരാതിക്കാരന് വലുതായ നഷ്ടം സംഭവിച്ചിട്ടുള്ളതും ഫ്രഡ്ജ് ഉപയോഗക്ഷമമല്ലാതെ വന്നതിനാലും ടി ഫ്രിഡ്ജിൻറെ വിലയും രണ്ടാം എതിർകക്ഷി സ്ഥാപനത്തിലേക്ക് വേണ്ടി ടിയാൻറെ ജീവനക്കാർ ഈടാക്കിയ സർവ്വീസ് ചാർജ്ജും അടക്കം 23600/- രൂപ പരാതിക്കാരന് ലഭിക്കേണ്ടതാകുന്നു. ആയതിലേക്ക് ഒന്നും രണ്ടും എതിർകക്ഷികൾക്ക് വക്കീൽ മുഖാന്തിരം നോട്ടീസ് അയച്ചിട്ടുള്ളതും ആയത് ഒന്നും രണ്ടും എതിർകക്ഷികൾ കൈപ്പറ്റിയിട്ടുള്ളതും നാളിതുവരെ നഷ്ടപരിഹാരം നല്കിയിട്ടില്ലാത്തതുമാണ്. നഷ്ടപരിഹാരമായി 23600/- രൂപ പരാതിക്കാരന് നല്കണമെന്ന് എതിർകക്ഷികളെ നിർദ്ദേശിച്ച് ഉത്തരവുണ്ടാകണമെന്നും ഹർജിക്കാരന് കേസ് നടത്തിപ്പിലേക്കായി ചെലവാകുന്ന സംഖ്യ എതിർകക്ഷികളിൽ നിന്നും ഈടാക്കി നല്കണെന്നും അപേക്ഷിച്ചാണ് പരാതി സമർപ്പിച്ചിട്ടുള്ളത്.
2. നോട്ടീസ്
കമ്മീഷൻ അയച്ച നോട്ടീസ് എതിർകക്ഷികൾ കൈപ്പറ്റിയെങ്കിലും കമ്മീഷൻ മുമ്പാകെ ഹാജരാകുകയോ ആക്ഷേപം സമർപ്പിക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിൽ ഒന്നും രണ്ടും എതിർകക്ഷികളെ ex-parte ആയി കമ്മീഷൻ പ്രഖ്യാപിച്ചു.
3. തെളിവ്
പരാതിക്കാരൻ ആറ് രേഖകൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും ആയത് Exbt. A1 മുതൽ A 6 എന്നിവയായി അടയാളപ്പെടുത്തി. ഹാജരാക്കിയ രേഖകളുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാകുന്നു.
Exbt. A1: ഒന്നാം എതിർകക്ഷി ഫ്രഡ്ജ് വാങ്ങിയതിന് നല്കിയ ബില്ലിൻറെ പകർപ്പ്
Exbt. A2: രണ്ടാം എതിർകക്ഷി ഈടാക്കിയ സർവ്വീസ് ചാർജ്ജിൻറെ ശരിപ്പകർപ്പ്
Exbt. A3: വക്കീൽ നോട്ടീസിൻറെ പകർപ്പ്
Exbt. A4: പോസ്റ്റൽ രസീതിൻറെ പകർപ്പ്
Exbt. A5: എ.ഡി. കാർഡ്
തെളിവ് വിശകലനം
പരാതിക്കാരൻ ഹാജരാക്കിയ രേഖ പരിശോധിച്ചതിൻറെയും പരാതിക്കാരനെ നേരിൽ കേട്ടതിൻറെയും അടിസ്ഥാനത്തിൽ കേസിൻറെ അന്തിമ തീർപ്പിനായി താഴെ പറയുന്ന പ്രസക്തമായ വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
(i) പരാതിക്കാരൻ ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്താവാണോ?
(ii) പരാതിക്കാരന് എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള സേവനത്തിലെ അപര്യാപ്തതയോ അനുചിതമായ വ്യാപാര രീതിയോ ഉണ്ടായിട്ടുണ്ടോ?
(iii) ഉണ്ടെങ്കിൽ ആയതിന് എന്ത് നഷ്ട പരിഹാരം നല്കേണ്ടതായുണ്ട്?
(iv) കോടതി ചെലവ് നല്കേണ്ടതുണ്ടോ, എങ്കിൽ ആയതിന് എത്ര തുക നല്കണം?
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2(7) വകുപ്പ് പ്രകാരമുള്ള ഉപഭോക്താവ് എന്ന നിർവ്വചനത്തിൻറെ പരിധിയിൽ പരാതിക്കാരൻ വരുമോ എന്നതാണ് കമ്മീഷൻ ആദ്യമായി പരിശോധിച്ചത്. പരാതിക്കാരൻ എതിർകക്ഷി സ്ഥാപനത്തിൽ നിന്നും ഫ്രഡ്ജ് വാങ്ങയതിന് തെളിവായുള്ള ബില്ലിൻറെ ശരിപ്പകർപ്പും സർവ്വീസ് ചാർജ്ജ് ഈടാക്കിയതിൻറെ ശരിപ്പകർപ്പും (Exbt. A1, Exbt. A2) ഹാജരാക്കിയിട്ടുണ്ട്. അതിനാൽ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ‘ഉപഭോക്താവ്’ എന്ന നിർവ്വചനത്തിൻറെ പരിധിയിൽ പരാതിക്കാരൻ ഉൾപ്പെടുമെന്ന് കമ്മീഷൻ തീരുമാനിച്ച സാഹചര്യത്തിൽ ചോദ്യം (1) പരാതിക്കാരന് അനുകൂലമായി കമ്മീഷൻ തീരുമാനിക്കുന്നു. എതിർകക്ഷികളിൽ നിന്നും പരാതിക്കാരൻ വാങ്ങിയ ഫ്രഡ്ജിൻറെ കൂളിംഗ് സിസ്റ്റം തകരാറിലായതിനെ തുടർന്ന് എതിർകക്ഷികളെ അറിയിച്ചു. രണ്ടാം എതിർകക്ഷിയുടെ രണ്ട് ജീവനക്കാർ പരാതിക്കാരൻറെ വീട്ടിലെത്തി ഫ്രിഡ്ജിൻറെ പോരായ്മ തീർത്തതായി പറഞ്ഞ് 4,800/- രൂപ സർവ്വീസ് ചാർജ്ജായി വാങ്ങി (Exbt. A2). എന്നാൽ, പിന്നീട് മൂന്ന് തവണ ഈ തകരാർ ഉണ്ടാകുകയും പരാതിക്കാരൻറെ വീട്ടിലെത്തി ഫ്രിഡ്ജ് നന്നാക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. പിന്നീട് 28/09/2020 ൽ രണ്ടാം എതിർകക്ഷിയുടെ ജീവനക്കാർ പരാതിക്കാരൻറെ വീട്ടിലെത്തി ടി ഫ്രിഡ്ജ് അവരുടെ വണ്ടിയിലേക്ക് കയറ്റാൻ ശ്രമിക്കവേ ഫ്രിഡ്ജ് വീണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ ഫ്രഡ്ജ് തിരിച്ചെടുത്ത് നഷ്ടപരിഹാരം നല്കണമെന്ന പരാതിക്കാരൻറെ ആവശ്യം എതിർകക്ഷികൾ അവഗണിക്കുകയാണുണ്ടായത്.
എതിർകക്ഷികളുടെ നിരുത്തരവാദപരമായ പെരുമാറ്റവും സേവനത്തിലെ അപര്യാപ്തതയും മൂലം പരാതിക്കാരനുണ്ടായ നഷ്ടം പരിഹരിക്കണമെന്നതാണ് ആവശ്യം. രണ്ടാം എതിർകക്ഷി ഈടാക്കിയ സർവ്വീസ് ചാർജ്ജ് അടക്കം 23,600/- രൂപ പരാതിക്കാരന് ലഭ്യമാക്കണമെന്നും കോടതി ചെലവും എതിർകക്ഷികളിൽ നിന്നും ഈടാക്കി നല്കണമെന്നും പരാതിയിൽ പറയുന്നു.
കമ്മീഷൻ 09/02/2021 ൽ എതിർകക്ഷികൾക്ക് അയച്ച നോട്ടീസ് അവർ കൈപ്പറ്റിയെങ്കിലും കമ്മീഷനു മുമ്പാകെ ഹാജരാവാനോ ആക്ഷേപം സമർപ്പിക്കാനോ ഇവർ തയ്യാറാകാത്ത സാഹചര്യത്തിലാണ് എതിർകക്ഷികളെ കമ്മീഷൻ ex-parte ആയി പ്രഖ്യാപിച്ചത്.
കമ്മീഷൻ നോട്ടീസ് ലഭിച്ചതിനുശേഷം തങ്ങളുടെ രേഖാമൂലമുള്ള ആക്ഷേപം യഥാസമയം സമർപ്പിക്കുന്നതിൽ എതിർകക്ഷികൾ പരാജയപ്പെട്ടു. പരാതിക്കാരൻ അവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാണത്. പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ കമ്മീഷനു മുമ്പാകെ എതിർക്കപ്പെടാതെ നില്ക്കുകയാണ്. പരാതിക്കാരൻ എതിർകക്ഷികൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ അവിശ്വസിക്കാൻ ഒരു കാരണവും കമ്മീഷന് കണ്ടെത്താൻ കഴിയുന്നില്ല. മാത്രമല്ല, ബഹു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 2017 (4) സി.പി.ആർ. പേജ് 590 (എൻ.സി.) എന്ന കേസിൽ സമാനമായ നിലപാടാണ് സ്വീകരിച്ചത്.
പരാതിക്കാരന് എതിർകക്ഷികൾ വാഗ്ദാനം ചെയ്ത സേവനത്തിൽ അപര്യാപ്തതയുണ്ട് എന്ന നിഗമനത്തിലാണ് കമ്മീഷൻ എത്തി ചേർന്നത്. അനുചിതമായ വ്യാപാര രീതിയും സേവനത്തിലെ അപര്യാപ്തതയും മൂലം ധനനഷ്ടവും ഉണ്ടായിട്ടുണ്ട്. അതിനാൽ (ii), (iii) (iv) എന്നീ ചോദ്യങ്ങൾക്ക് പരാതിക്കാരന് അനുകൂലമായ നിലപാടാണ് കമ്മീഷൻ സ്വീകരിക്കുന്നത്.
കേസിൻറെ മേൽ പരാമർശിച്ച വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് പരാതിക്കാരന് നഷ്ടപരിഹാരം നല്കാൻ എതിർകക്ഷികൾക്ക് ബാദ്ധ്യതയുണ്ടെന്ന് കമ്മീഷൻ തീരുമാനിക്കുന്നു. അതിനാൽ പരാതി ഭാഗികമായി അനുവദിച്ചുകൊണ്ട് താഴെ പരാമർശിക്കുന്ന ഉത്തരവോടെ കമ്മീഷൻ തീർപ്പാക്കുന്നു.
1. ഒന്നും രണ്ടും എതിർകക്ഷികൾ പരാതിക്കാരനിൽ നിന്നും വാങ്ങിയ 23,600/- രൂപ (ഇരുപത്തി മൂവായിരത്തി അറുനൂറ് രൂപ മാത്രം) പരാതിക്കാരന് തിരികെ നല്കണം
2. ഒന്നും രണ്ടും എതിർകക്ഷികൾ പരാതിക്കാരന് 3,000/- (മൂവായിരം രൂപ മാത്രം) കോടതി ചെലവിനത്തിൽ നല്കണം.
ഈ ഉത്തരവിൻറെ പകർപ്പ് എതിർകക്ഷികൾക്ക് ലഭിച്ച അന്ന് മുതൽ 30 ദിവസത്തിനകം ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ ഒന്നും രണ്ടും എതിർകക്ഷികൾ ഒറ്റയ്ക്കും കൂട്ടായും നടപ്പിലാക്കേണ്ടതാണ്. ഉത്തരവിൻറെ തിയതി മുതൽ ഉത്തരവ് നടപ്പിലാക്കുന്ന തിയതി വരെ 9 ശതമാനം പലിശയും എതിർകക്ഷികൾ പരാതിക്കാരന് നല്കേണ്ടതാണ്.
Pronounced in the open Commission on this the 4th day of May, 2023./
Sd/-
D.B.Binu, President
Sd/-
V.Ramachandran, Member
Sd/
Sreevidhia.T.N, Member
Forwarded/by Order
Assistant Registrar.
APPENDIX
COMPLAINANT’S EVIDENCE
Exbt. A1: ഒന്നാം എതിർകക്ഷി ഫ്രഡ്ജ് വാങ്ങിയതിന് നല്കിയ ബില്ലിൻറെ പകർപ്പ്
Exbt. A2: രണ്ടാം എതിർകക്ഷി ഈടാക്കിയ സർവ്വീസ് ചാർജ്ജിൻറെ ശരിപ്പകർപ്പ്
Exbt. A3: വക്കീൽ നോട്ടീസിൻറെ പകർപ്പ്
Exbt. A4: പോസ്റ്റൽ രസീതിൻറെ പകർപ്പ്
Exbt. A5: എ.ഡി. കാർഡ്
OPPOSITE PARTIES’ EVIDENCE
ഇല്ല
Despatch date:
By hand: By post
kp/
CC No. 44/2021
Order Date: 04/05/2023