DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 30th day of January, 2023
Filed on: 20/02/2022
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 113/2022
Between
COMPLAINANT
A.L Varghese, AAttikulath House, Chemanganad P.O., Ernakulam, Pin 683578
OPPOSITE PARTY
Gopi, Venus Watch Repairing, Chemanganad P.O., Ernakulam, Pin 683578
അന്തിമ ഉത്തരവ്
ഡി.ബി. ബിനു, പ്രസിഡൻറ്
1. പരാതിക്കാസ്പദമായ സംഗതികൾ
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 35- വകുപ്പു പ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരൻ ജോലി ചെയ്ത് സമ്പാദിച്ച പണം ഉപയോഗിച്ച് 1970 ൽ 200/- ചെലവാക്കി സിറ്റിസൺ വി. (Made in Japan) ബ്ലു ഡയൽ, റേഡിയം, സിൽവർ ബോഡി മോഡൽ വാച്ച് വാങ്ങുകയുണ്ടായി. 2018 ന് മുമ്പ് വരെ കാര്യമായ കേടുപാടുകളൊന്നും ടി വാച്ചിന് ഉണ്ടാകാറില്ലായിരുന്നു. എന്നാൽ കോവിഡ് 19 മഹാമാരിക്ക് മുമ്പാ വാച്ച് കേടായപ്പോൾ എതിർകക്ഷിയുടെ വാച്ച് റിപ്പയറിംഗ് സ്ഥാപനത്തിൽ നല്കുകയും ശരിയാക്കിയതിന് 150/- രൂപ ചാർജ് വാങ്ങുകയും ചെയ്തു. തുടർന്ന് പല തവണ കേടുപാടുകൾ വന്നതിനാൽ എതിർകക്ഷിയുടെ റിപ്പയറിംഗ് ഷോപ്പിൽ തന്നെ കൊടുത്ത് ആവശ്യമായ പണം നല്കി സീർവ്വീസ് ചെയ്ത് കിട്ടുകയും ചെയ്തു. എന്നാൽ 2021 ൽ ടി വാച്ചിന് വീണ്ടും ചില സർവ്വീസ് ആവശ്യമായി വന്നപ്പോൾ പതിവുപോലെ എതിർകക്ഷിയുടെ ഷോപ്പിൽ നല്കുകയുണ്ടായി എന്നാൽ പതിവിനു വിപരീതമായി എതിർകക്ഷിയിൽ നിന്നും ടി വാച്ച് പരാതിക്കാരന് തിരികെ ലഭിച്ചില്ല. പരാതിക്കാരൻ പലതവണ എതിർകക്ഷിയെ ഷോപ്പിൽ നേരിട്ട് ചെന്ന് അന്വേഷിച്ചെങ്കിലും ഓരോ ഒഴിവുകിഴിവുകൾ പറഞ്ഞ് പരാതിക്കാരനെ എതിർകക്ഷി മടക്കി അയക്കുകയാണുണ്ടായത്. പിന്നീടൊരിക്കൽ ചോദിച്ചപ്പോൾ വാച്ച് തൻറെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയെന്നാണ് എതിർകക്ഷി പറഞ്ഞത്. എന്നാൽ നഷ്ടപ്പെട്ട വാച്ചിന് പകരം വേറേ വാച്ച് നല്കാമെന്നോ ടി വാച്ചിൻറെ നഷ്ടപരിഹാരം നല്കാമെന്നോ ഒന്നും എതിർകക്ഷി നാളിതുവരെ പറഞ്ഞിട്ടില്ല. ഈ വാച്ചിനോടുള്ള ഹർജിക്കാരൻറെ വാത്സല്യവും വൈകാരിക ബന്ധവും എതികക്ഷിക്ക് നന്നായി അറിയാവുന്നതു കൂടിയാണ്. സർവ്വീസ് ചെയ്യുന്നതിന് വേണ്ടി നല്കിയ വാച്ച് തീർത്തും നിരുത്തരവാദിത്തത്തോടെയാണ് എതിർകക്ഷി കൈകാര്യം ചെയ്തിട്ടുള്ളത്. വേറേ നിവൃത്തിയില്ലെന്ന് കണ്ടപ്പോൾ പരാതിക്കാരൻ ചെങ്ങമനാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് രേഖാമൂലം ഒരു പരാതി 21/01/2022 ന് നല്കി (പരാതി നം. 13792/2022). എന്നാൽ ടി പരാതിയിന്മേൽ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.
പരാതിക്കാരന് ഏറെ വൈകാരിക ബന്ധമുള്ള വാച്ചാണ് നഷ്ടപ്പെട്ടിട്ടുള്ളത്. വളരെയേറെ അദ്ധ്വാനിച്ച് ജോലിചെയ്ത് സമ്പാദിച്ച പണം കൊടുത്ത് 50 വർഷം മുമ്പ് വാങ്ങിയതാണ് വിലപിടിപ്പുള്ള ടി വാച്ച്. 50 വർഷത്തിലേറേയായി പരാതിക്കാരൻറെ ജീവിതത്തിൻറെ ഭാഗമായിരുന്ന ടി വാച്ച് വളരെ അഭിമാനത്തോടെയാണ് പരാതിക്കാരൻ അണിഞ്ഞിരുന്നത്. ഈ വാച്ചിൻറെ ഇപ്പോഴത്തെ വിപണിമൂല്യം കണക്കാക്കിയാൽ ഏതാണ്ട് 50,000/- രൂപയോളം വില വരുന്നതാണ്. ഇത്രയും വിലയേറിയ ഒരു വാച്ച് എതിർകക്ഷിയുടെ കൃത്യവിലോപം മൂലം നഷ്ടപ്പെടുത്താൻ പരാതിക്കാരന് ഒരുതരത്തിലും സാധിക്കുന്നതല്ല എന്നും ടി വാച്ച് നഷ്ടപ്പെട്ടാൽ പരാതിക്കാരന് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും വളരെ വലുതാണെന്ന് പരാതിയിൽ പറയുന്നു.
സർവ്വീസ് ചെയ്യുന്നതിനുവേണ്ട് നല്കിയ വാച്ച് തിരികെ നല്കാതെ എതിർകക്ഷി തൻറെ സേവനത്തിൽ വലിയ വീഴ്ച വരുത്തിയിരിക്കുകയാണ്. ടി വാച്ച് തിരികെ ചോദിച്ചു ചെന്ന പരാതിക്കാരന് വാച്ച് തിരികെ നല്കിയില്ലെന്ന് മാത്രമല്ല അത് തൻറെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയെന്ന് വളരെ ലാഘവത്തോടെയും നിരുത്തരവാദിത്വത്തോടെയും പറയുകയാണുണ്ടായത്. പരാതി ക്കാരൻറെ പണത്തിനും സമയത്തിനും ഉപഭോക്തൃ അവകാശത്തിനും യാതൊരു വിലയും കല്പിക്കാതെയാണ് എതിർകക്ഷി പെരുമാറിയിട്ടുള്ളതെന്നും ഒരു ഉപഭോക്താവിന് ലഭിക്കേണ്ട മാന്യവും ന്യായവുമായ സേവനം എതിർകക്ഷിയിൽ നി്നും ലഭിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ആയതിനാൽ പരാതിക്കാരന് തൻറെ വാച്ച് തിരികെ നല്കുന്നതിനോ 50,000/- രൂപ നഷ്ടപരിഹാരം നല്കുന്നതിനോ ഉള്ള ഉത്തരവുണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം.
2. നോട്ടീസ്
01/04/2022 ൽ കമ്മീഷനിൽ നിന്നും എതിർകക്ഷിക്ക് അയച്ച നോട്ടീസ് എതിർകക്ഷി കൈപ്പറ്റിയെങ്കിലും കമ്മീഷൻ മുമ്പാകെ ഹാജരാകാത്ത സാഹചര്യത്തിൽ എതിർകക്ഷിയെ ex-parte ആയി കമ്മീഷൻ പ്രഖ്യാപിച്ചു.
3. തെളിവ്
പരാതിക്കാരൻ തെളിവു സത്യവാങ്മൂലവും രണ്ട് രേഖകളും കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും Exbt. A1 ഉം A2 ആയി അത് രേഖപ്പെടുത്തുകയും ചെയ്തു. Exbt. A1, A2 എന്നിവയുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാകുന്നു.
Exbt. A1: ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ നല്കിയ പരാതിയുടെ പകർപ്പ്
Exbt. A2: പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച രസീതിൻറെ പകർപ്പ്
4. തെളിവ് വിശകലനം
പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച തിൻറെയും പരാതിക്കാരനെ നേരിൽ കേട്ടതിൻറെയും അടി സ്ഥാനത്തിൽ കേസിൻറെ അന്തിമ തീർപ്പിനായി താഴെ പറയുന്ന പ്രസക്തമായി വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
(i) പരാതിക്കാരൻ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവാണോ?
(ii) പരാതിക്കാരന് എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള സേവനത്തിലെ അപര്യാപ്തതയോ അനുചിതമായ വ്യാപാര രീതിയോ ഉണ്ടായിട്ടുണ്ടോ?
(iii) ഉണ്ടെങ്കിൽ ആയതിന് എന്ത് നഷ്ട പരിഹാരം നല്കേണ്ടതായുണ്ട്?
(iv) കോടതി ചെലവ് നല്കേണ്ടതുണ്ടോ, എങ്കിൽ ആയതിന് എത്ര തുക നല്കണം?
50 വർഷത്തിലേറേ പഴക്കമുള്ള വാച്ച് സർവ്വീസ് ചെയ്യുന്നതിനായി എതിർകക്ഷിക്കു നല്കി എന്നാണ് പരാതിയിൽ പറയുന്നത്. ഈ അവകാശവാദത്തിന് ആധാരമായ യാതൊരുവിധ രേഖകളും പരാതിക്കാരൻ കമ്മീഷൻ മുമ്പാകെ ഹാജരാക്കിയിട്ടില്ല. സർവ്വീസിനായി നല്കിയെന്ന് സ്ഥാപിക്കുന്നതിന് ഉപോൽബലകമായ ഒരു തെളിവും ഹാജരാക്കാത്ത സാഹചര്യത്തിൽ പരാതിക്കാരൻ എതിർകക്ഷിയുടെ ഉപഭോക്താവാണെന്ന് തെളിയിക്കുന്നതിനും പരാതിക്കാരന് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2(7)(ii) വകൂപ്പു പ്രകാരമുള്ള “ഉപഭോക്താവ്” എന്ന നിർവ്വചനത്തിൽ പരാതിക്കാരൻ ഉൾപ്പെടുന്നി ല്ലെന്ന് കമ്മീഷന് ബോധ്യപ്പെട്ടു.
HON’BLE SUPREME COURT OF INDIA CIVIL APPELLATE JURISDICTION CIVIL APPEAL NO. 5759 OF 2009 SGS INDIA LTD. APPELLANT(S) VERSUS DOLPHIN INTERNATIONAL LTD. RESPONDENT(S) എന്ന കേസിലെ വിധി ന്യായത്തിൽ സുപ്രീം കോടതി ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്.
“1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള പരാതികളിൽ സേവനത്തിലെ ന്യൂനത തെളയിക്കാനുള്ള ബാധ്യത പരാതിക്കാരനാണ്. കമ്മീഷനെ സമീപിച്ചത് പരാതിക്കാരനാണ് അതിനാൽ സേവനത്തിലെ ന്യനതയുടെ തെളിവില്ലാതെ എതിർകക്ഷിയെ ഉത്തരവാദിയാക്കാൻ സാധിക്കില്ല. ഈ കോടതിയുടെ ഒരു വിധിന്യായത്തിൽ ( Ravneet Singh Bagga v. KLM Royal Dutch Airlines & Anr. 4) സേവനത്തിലെ ന്യൂനത തെളിയിക്കാനുള്ള ബാധ്യത അത് ആരോപിക്കുന്ന വ്യക്തിക്കാണെന്ന് വ്യക്തമാക്കി യിട്ടുണ്ട്.”
എതിർകക്ഷിയുടെ സേവനത്തിൽ ന്യനതയുണ്ടെന്ന് പ്രാഥമികമായി തെളിയിക്കാനുള്ള ബാധ്യത പരാതിക്കാരനിൽ നിക്ഷിപ്തമാണെന്ന് നിരവധി വിധികളിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിലും, എതിർകക്ഷിയുടെ ഉപഭോക്താവാണ് പരാതിക്കാരനെന്ന് തെളിയിക്കാനോ എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതയുണ്ടെന്ന് പ്രാഥമികമായെങ്കിലും തെളിയിക്കാനോ പരാതിക്കാരന് കഴിയാത്ത സാഹചര്യത്തിൽ, മേൽ പരാമർശിച്ച് പ്രസക്തമായ ചോദ്യങ്ങൾ പരാതിക്കാരന് പ്രതികൂലമായി കമ്മീഷൻ കണ്ടെത്തുകയും ആയതിനാൽ പരാതി നിരാകരിച്ചുകൊണ്ട് ഉത്തരവാകുകയും ചെയ്യുന്നു.
Pronounced in the open Commission on this the 30th day of January, 2023.
Sd/-
D.B.Binu, President
Sd/-
V.Ramachandran, Member
Sd/-
Sreevidhia.T.N, Member
Forwarded/by Order
Assistant Registrar.
APPENDIX
COMPLAINANT’S EVIDENCE
Exbt. A1: ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ നല്കിയ പരാതിയുടെ പകർപ്പ്
Exbt. A2: പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച രസീതിൻറെ പകർപ്പ്
OPPOSITE PARTIES’ EVIDENCE
ഇല്ല
Despatch date:
By hand: By post
kp/
CC No. 113/2022
Order Date:30/01/2023