DISTRICT CONSUMER DISPUTES REDRESSAL COMMISSION ERNAKULAM
Dated this the 30th day of December, 2022
Filed on: 26/10/2017
PRESENT
Shri.D.B.Binu President
Shri.V.Ramachandran Member
Smt.Sreevidhia.T.N Member
CC.No. 425/2017
Between
COMPLAINANT
S. Sadananda Naik, 18/733, Alumkal House, Palluruthy, Kochi 682006.
VS
OPPOSITE PARTy
Biju John M. (Permit Holder), 13/549, Mattumel House, Thrikkakara P.O., Kochi 682021.
ഉത്തരവ്
ഡി.ബി. ബിനു, പ്രസിഡൻറ്
1. പരാതിക്കാസ്പദമായ സംഗതികൾ
1986 ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 12- വകുപ്പുപ്രകാരമാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. 27/09/2016 ന് പരാതിക്കാരൻ എതിർകക്ഷിയുടെ ഉടമസ്ഥതയിലുള്ള (Reg. No. KL 07 BE 8061) ഉച്ചയ്ക്ക് 2.25 മുതൽ 2.45 വരെ യാത്ര ചെയ്യുകയും ആയതിലേക്ക് 039171 എന്ന ടിക്കറ്റ് എടുക്കുകയുമുണ്ടായിട്ടുള്ളതാണെന്ന് പരാതിയിൽ പറയുന്നു. പ്രസ്തുത സമയം ഉയർന്ന ശബ്ദത്തോടുകൂടി പ്രവർത്തിച്ചുകൊണ്ടിരുന്ന ഓഡിയോ സിസ്റ്റം ഓഫ് ചെയ്യുവാൻ പരാതിക്കാരൻ ബസ് കണ്ടക്ടർ/ഡ്രൈവർ എന്നിവരോട് ആവശ്യപ്പെട്ടുവെങ്കിലും അവർ അതിന് തയ്യാറായില്ല.
തുടർന്ന് പരാതിക്കാരൻ മേഖലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് പരാതി നല്കുകയും ബസിൻറെ വിവരങ്ങൾ അറിയിക്കുകയും ചെയ്ചു. 02/11/2016 ൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്കിയതിന് മേഖലാ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും പരാതിക്കാരന് ലഭിച്ച മറുപടിയിൽ പരാതിക്കാസ്പദമായ സംഭവം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെകൊണ്ട് അന്വേഷിച്ചുവെന്നും 25/10/2016 ൽ നടത്തിയ അന്വേഷണത്തിൽ പരാതി പ്രകാരം പറഞ്ഞ ഓഡിയോ സിസ്റ്റം ഇല്ലായിരുന്നുവെന്നും അറിയിച്ചു. പരാതി നല്കും എന്നു ഉറപ്പായതിനാൽ ബസ് ജീവനക്കാർ ഇത് മുൻകൂട്ടി അഴിച്ചു മാറ്റിയതാകാമെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
ശബ്ദശല്യം സഹിച്ചുകൊണ്ട് മാനസിക സമ്മർദ്ദത്തോടെ യാത്ര ചെയ്യേണ്ടിവന്ന യാത്രക്കാരൻ എന്ന നിലയിൽ ഉപഭോക്താവിന് എതിർകക്ഷിയിൽ നിന്ന് സേവനത്തിലെ അപര്യാപ്തതയുണ്ടാകുകയും ആയതിന് നഷ്ടപരിഹാരമായി 1,000/- രൂപയും കോടതി ചെലവുകൾക്കായി 1,500/- രൂപയും ലഭിക്കണമെന്നും ആവശ്യപ്പെട്ടും എതിർകക്ഷിക്ക് ഉത്തരവ് നല്കുന്നതിനായാണ് പരാതി നല്കിയിട്ടുള്ളത്.
തുടർന്ന് 03/11/2017 ന് കമ്മീഷനിൽ നിന്നും എതിർകക്ഷിക്ക് നോട്ടീസ് അയക്കുകയും, എതിർകക്ഷി യഥാസമയം ഹാജരാകാതിരുന്നതിനാൽ 03/01/2018 ൽ എതിർകക്ഷിയെ ex-parte ആയി കമ്മീഷൻ പ്രഖ്യാപിക്കുകയും പരാതിക്കാരൻറെ തെളിവിനായി കേസ് മാറ്റുകയും ചെയ്തു. എക്സ്പാർട്ടി ഓർഡർ പിൻവലിച്ച് ഉത്തരവുണ്ടാകണമെന്നപേക്ഷിച്ച് എതിർകക്ഷി സമർപ്പിച്ച ഉപഹർജി 500/- രൂപ പിഴ ചുമത്തി കമ്മീഷൻ അനുവദിച്ചു. പിഴ തുക എതിർകക്ഷി ഒടുക്കിയെങ്കിലും യഥാസമയം ആക്ഷേപം സമർപ്പിക്കുന്നതിൽ എതിർകക്ഷി വീണ്ടും വീഴ്ച വരുത്തി. ഈ സാഹചര്യത്തിൽ, എതിർകക്ഷി സമർപ്പിച്ച ആക്ഷേപം നിരാകരിച്ചുകൊണ്ട് 18/05/2018 ൽ കമ്മീഷൻ ഉത്തരവിട്ടു.
പരാതിക്കാരൻ തെളിവു സത്യവാങ്മൂലവും മൂന്ന് രേഖകളും കമ്മീഷൻ മുമ്പാകെ സമർപ്പിക്കുകയും Exbt. A1 to A3 ആയി അത് രേഖപ്പെടുത്തുകയും ചെയ്തു. Exbt. A1 to A3 എന്നിവയുടെ വിവരങ്ങൾ താഴെ പറയും പ്രകാരമാകുന്നു.
Exbt. A1: പരാതി (e-mail) പകർപ്പ്
Exbt. A2: പരാതിയുടെയും ടിക്കറ്റിൻറെയും പകർപ്പ്
Exbt. A3: വിവരാവകാശ നിയമ പ്രകാരം എടുത്ത രേഖ
വിലയിരുത്തൽ
പരാതിക്കാരൻ 27/09/2016 ന് എതിർകക്ഷിയുടെ ബസ്സിൽ യാത്ര ചെയ്തതിന് തെളിവായി ടിക്കറ്റിൻറെ പകർപ്പ് ഹാജരാക്കിയിട്ടുണ്ട് (Exbt. A2). പരാതിക്കാരൻ ട്രാൻസ്പോർട്ട് വകുപ്പിലെ ഉദ്യോഗസ്ഥന് നല്കിയ പരാതിയും വിവരാവകാശ നിയമ പ്രകാരം ലഭ്യമായ വിവരങ്ങളും Exbt. A1 ഉം Exbt. A 3 ഉം ആയി ഹാജരാക്കിയിട്ടുണ്ട്. Exbt. A 3 ൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത് പരാതിക്കാരൻ റോഡ് ട്രാൻസ്പോർട്ട് വകുപ്പിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധന നടത്തിയ സമയം വാഹനത്തിൽ റിക്കാർഡിംഗ് സംവിധാന മില്ലായിരുന്നുവെന്നുമാണ്.
പരാതിയിലും തെളിവു സത്യവാങ്മൂലത്തിലും പരാതിക്കാരൻ എതിർകകഷിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നല്കാനുള്ള അവസരങ്ങൾ എതിർകക്ഷി പ്രയോജനപ്പെടുത്തിയില്ല എന്നു മാത്രമല്ല എക്സ്പാർട്ടിയായതിനുശേഷവും കമ്മീഷൻ ആക്ഷേപം സമർപ്പിക്കാനായി നല്കിയ അവസരവും എതിർകക്ഷി ഉപയോഗിക്കാതെ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് കമ്മീഷൻ മുമ്പാകെ സ്വീകരിച്ചത്. ബോധപൂർവ്വമായ വീഴ്ചയാണ് ഇതിലൂടെ എതിർകക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇത് പരാതിക്കാരൻറെ ആരോപണങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ബഹു. ദേശീയ കമ്മീഷൻറെ 2017(4) സി.പി.ആർ. പേജ് 590 (എൻ.സി.) ഉത്തരവ് ഇക്കാര്യത്തിൽ പ്രസക്തമാണ്.
പരാതിക്കാരൻ തെളിവു സത്യവാങ്മൂലത്തിലൂടെ എതിർകക്ഷിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ എതിർക്കപ്പെടാതെ നില്കുന്ന സാഹചര്യത്തിൽ എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനത ഉണ്ടന്ന് കമ്മീഷൻ കണ്ടെത്തി. എതിർകക്ഷിയുടെ അനാസ്ഥമൂലം സ്വാഭാവികമായും പരാതിക്കാരന് അസൌകര്യങ്ങളും മാനസികവ്യഥയും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
കേസിൻറെ മേൽപ്പറഞ്ഞ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് പരാതിക്കാരന് നഷ്ടപരിഹാരം നല്കാൻ എതിർകക്ഷിക്ക് ബാധ്യതയുണ്ടെന്ന് കമ്മീഷൻ തീരുമാനിക്കുന്നു. ആയതിനാൽ ഈ പരാതി ഭാഗികമായി അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നു.
ഉത്തരവ്
1. എതിർകക്ഷിയുടെ സേവനത്തിലെ ന്യൂനതയും അന്യായമായ വ്യാപാരരീതിയും കാരണം പരാതിക്കാരനുണ്ടായ മനോവ്യഥയ്ക്കും ബുദ്ധിമുട്ടുകൾക്കും എതിർകക്ഷി പരാതിക്കാരന് 1,000/- രൂപ (ആയിരം രൂപ മാത്രം) നഷ്ടപരിഹാരം നല്കേണ്ടതാണ്.
2. കേസിൻറെ ചെലവിലേക്കായി എതിർകക്ഷി പരാതിക്കാരന് 500/- രൂപ (അഞ്ഞൂറ് രൂപ മാത്രം) നല്കേണ്ടതാണ്.
ഈ ഉത്തരവിൻറെ പകർപ്പ് എതിർകക്ഷിക്ക് ലഭിച്ച അന്നു മുതൽ 30 ദിവസത്തിനകം ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്. അല്ലാത്തപക്ഷം മേൽ സൂചിപ്പിച്ച തുകക്ക് ഉത്തരവ് തിയതി മുതൽ ഉത്തരവ് നടപ്പിലാക്കുന്ന തിയതി വരെ 7.5 പലിശയും നല്കേണ്ടതാണ്.
Pronounced in the open Commission on this the 30th day of December, 2022.
Sd/-
D.B.Binu, President
Sd/-
V.Ramachandran, Member
Sd/-
Sreevidhia.T.N, Member
Forwarded/by Order
Assistant Registrar.
APPENDIX
Complainants Evidence
Exbt. A1: Copy of e-mail
Exbt. A2: Copy of complaint and ticket
Exbt. A3: Reply received under RTI Act, 2005
Opposite party’s Evidence
Nil
Despatch date:
By hand: By post
kp/
CC No. 425/2017
Order Date:30/12/2022